National
ന്യൂഡൽഹി: രാജ്യത്തെ പഞ്ചസാരയുടെ വിലവർധനയിലും സ്റ്റോക്ക് കുറഞ്ഞതിലും കേന്ദ്രസർക്കാരിനെതിരേ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രംഗത്ത്.
ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉത്പാദക രാജ്യങ്ങളിലൊന്നായ ഇന്ത്യയിൽ സ്റ്റോക്ക് എക്കാലത്തെയും കുറഞ്ഞ നിരക്കിലെത്തിയതും വില റിക്കാർഡ് ഉയരത്തിലെത്തിയതും ചൂണ്ടിക്കാട്ടിയാണ് ഖാർഗെ രംഗത്തെത്തിയത്.
രാജ്യത്തെ പഞ്ചസാര പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മോദി സർക്കാരിനോട് മൂന്ന് ചോദ്യങ്ങളും അദ്ദേഹം ‘എക്സ്’ പോസ്റ്റിലൂടെ ഉന്നയിച്ചു.
രാജ്യത്തെ പഞ്ചസാര സ്റ്റോക്ക് ഒമ്പത് വർഷത്തെ ഏറ്റവും കുറഞ്ഞ തലത്തിലെത്തിയത് എന്തുകൊണ്ടാണെന്നും കയറ്റുമതി നിർത്തിവച്ച് പത്തു ലക്ഷം ടൺ പഞ്ചസാര തീരുവയില്ലാതെ ഇറക്കുമതി ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എങ്ങനെയെത്തിയെന്നും ഖാർഗെ ചോദിച്ചു.
കഴിഞ്ഞ മൂന്നു മാസത്തിനിടെ പഞ്ചസാരയ്ക്ക് 40 ശതമാനത്തോളം വില വർധിച്ചുവെന്നും ഉത്സവസീസണിൽ ഉണ്ടായ ഈ വിലക്കയറ്റത്തിന് ആരാണ് ഉത്തരവാദിയെന്നും അദ്ദേഹം ആരാഞ്ഞു.
പഞ്ചസാര പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സമയത്ത് കരിമ്പും ധാന്യങ്ങളും എഥനോൾ ഉത്പാദനത്തിനായി വഴിതിരിച്ചുവിടുന്ന നയം സർക്കാർ എന്തുകൊണ്ട് പുനഃപരിശോധിക്കുന്നില്ലെന്നും ഖാർഗെ ചോദ്യമുന്നയിച്ചു.
National
ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ താൻ പ്രസംഗിച്ച വേദിയിൽ ‘ശുദ്ധീകരണ’ ചടങ്ങ് നടത്തിയ സംഭവത്തിൽ പാർട്ടി സഹപ്രവർത്തകരിൽനിന്നു പ്രതീക്ഷിച്ച പിന്തുണ ലഭിച്ചില്ലെന്ന് കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ജാതിവിവേചനത്തിനെതിരേയും സാമൂഹികനീതി വിഷയങ്ങളിലും കോണ്ഗ്രസ് നേതാക്കൾ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബുധനാഴ്ച ചേർന്ന കോണ്ഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ, വിഷയത്തിൽ ശക്തമായി പ്രതികരിച്ച ഉത്തരാഖണ്ഡ് കോണ്ഗ്രസ് ഘടകത്തെ ഖാർഗെ അഭിനന്ദിച്ചു. ശക്തമായി പിന്തുണയ്ക്കാതിരുന്ന മുതിർന്ന നേതാക്കളെ പരാമർശിച്ച് “നന്നായി എഴുതുകയും നന്നായി കാണപ്പെടുകയും ചെയ്യുന്നവർ’’ പോലും വിഷയത്തിൽ ശബ്ദമുയർത്തിയില്ലെന്ന് അദ്ദേഹം പരിഹസിച്ചു.
ഹൽദ്വാനിയിലെ രാംലീല മൈതാനത്ത് ഈമാസം എട്ടിന് ഖാർഗെ പ്രസംഗിച്ചതിനു പിന്നാലെയാണ് ‘ശുദ്ധീകരണ’ ചടങ്ങ് നടന്നത്. സംഭവത്തെ കോൺഗ്രസ് പ്രവർത്തകസമിതി അപലപിച്ചതായി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു.
ചടങ്ങിന് പിന്നിൽ ബിജെപി-ആർഎസ്എസ് അനുകൂലികളാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പുപറയണമെന്നും കോണ്ഗ്രസ് ആവശ്യപ്പെട്ടു.സംഭവത്തിന് പിന്നിൽ ബിജെപിയുമായി ബന്ധമുള്ള ശ്രീറാം സേനയാണെന്ന് ഉത്തരാഖണ്ഡ് കോണ്ഗ്രസ് അധ്യക്ഷൻ ഗണേഷ് ഗോദിയാൽ ആരോപിച്ചെങ്കിലും ബിജെപി നിഷേധിച്ചു.
National
ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ നിന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വിട്ടുനിന്നു. തുടർച്ചയായ രണ്ടാം വർഷമാണ് ഇരുവരും ചെങ്കോട്ടയിലെ ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെക്കാതിരിക്കുന്നത്.
കഴിഞ്ഞ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിൽ ക്യാബിനറ്റ് മന്ത്രി പദവിയുള്ള പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഏറ്റവും പിന്നിലെ വരികളിലൊന്നിൽ ഇരിപ്പിടം നൽകിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
ഇത് പ്രതിപക്ഷത്തോടും രാജ്യത്തോടുമുള്ള അവഹേളനമാണെന്ന് കോൺഗ്രസ് ആരോപിച്ചപ്പോൾ, പാരിസ് ഒളിംപിക്സ് താരങ്ങൾക്ക് മുൻഗണന നൽകാനാണ് ഇരിപ്പിട ക്രമീകരണത്തിൽ മാറ്റം വരുത്തിയതെന്നായിരുന്നു പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം.
പാർലമെന്റിന്റെ മൺസൂൺ സമ്മേളനം വൻ പ്രതിഷേധങ്ങൾക്കും ബഹളങ്ങൾക്കും ഒടുവിൽ അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് നേതാക്കളുടെ ഈ വിട്ടുനിൽക്കൽ. കേന്ദ്ര സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായതിന്റെ പ്രതിഫലനമാണ് സ്വാതന്ത്ര്യദിന ചടങ്ങിലെ ഇവരുടെ അസാന്നിധ്യമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കോൺഗ്രസ് നേതാക്കളുടെ അസാന്നിധ്യം " നിർഭാഗ്യകരമാണ്" എന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് പ്രതികരിച്ചു. അതേസമയം, സഭാ നടപടികൾ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞതിന് ശേഷം ലോക്സഭാ സ്പീക്കർ ഓം ബിർള സംഘടിപ്പിച്ച പരമ്പരാഗത തേയില സത്ക്കാരവും കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സമാജ്വാദി പാർട്ടി തുടങ്ങിയ പ്രതിപക്ഷ കക്ഷികൾ ബഹിഷ്കരിച്ചിരുന്നു.
National
ന്യൂഡൽഹി: ബിജെപി നേതാവിന്റെ 'ലുങ്കിവാല' അധിക്ഷേപ പരാമർശത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി ദക്ഷിണേന്ത്യൻ എംപിമാർ. കോൺഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ അടക്കമുള്ള പ്രമുഖ നേതാക്കൾ സ്ഥിരം ശൈലിയിൽ നിന്ന് മാറി കേരളീയ ശൈലിയിൽ മുണ്ടുടുത്ത് സഭയിലെത്തിയാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. സംഭവത്തിന്റെ വീഡിയോ ജോൺ ബ്രിട്ടാസ് എംപി ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.
'ഞങ്ങളുടെ വേഷം ഞങ്ങളുടെ സംസ്കാരമാണ്, ഞങ്ങളുടെ അഭിമാനമാണ്' എന്ന് കുറിച്ചുകൊണ്ടാണ് ജോൺ ബ്രിട്ടാസ് ഈ പ്രതിഷേധം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
മല്ലികാർജുൻ ഖാർഗെ, ജോൺ ബ്രിട്ടാസ്, എ.എ. റഹീം, പി. സന്തോഷ് കുമാർ, വി. ശിവദാസ്, ഹാരിസ് ബീരാൻ, ക്രിസ്റ്റഫർ തിലക് എന്നിവർ മുണ്ടുടുത്തും, ജെബി മേത്തർ കേരളീയ ശൈലിയിലുള്ള സാരിയുടുത്തുമാണ് സഭയിലെത്തി ശ്രദ്ധേയരായത്.
ബിജെപി നേതാവ് സുഷ്മിത ദേവാണ് ദക്ഷിണേന്ത്യൻ വേഷത്തെ അവഹേളിച്ചുകൊണ്ട് 'ലുങ്കിവാല' പരാമർശം നടത്തിയത്. ഇത് സഭയുടെ അന്തസിനും ദക്ഷിണേന്ത്യൻ ജനതയുടെ ആത്മാഭിമാനത്തിനും ക്ഷതമേൽപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി, സംഭവത്തിൽ അവകാശലംഘനത്തിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് രാജ്യസഭാ അധ്യക്ഷന് നോട്ടീസ് നൽകിയിട്ടുണ്ട്.
National
ന്യൂഡല്ഹി: രാജ്യസഭയില് ഇന്നലെ രാവിലെ ശൂന്യവേളയില് പ്രതിപക്ഷനേതാവ് മല്ലികാര്ജുന് ഖാര്ഗെയും പാര്ലമെന്ററികാര്യ മന്ത്രി കിരണ് റിജിജുവും തമ്മില് നടന്നത് രൂക്ഷമായ വാക്പോര്.
വിദ്യാര്ഥികള്ക്കെതിരായ പോലീസ് നടപടിയെക്കുറിച്ചും അയോധ്യയിലെ ക്ഷേത്രക്കൊള്ളയെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും സഭയിലെത്തി പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര് മുദ്രാവാക്യം വിളികളോടെ ഇന്നലെയും പ്രതിഷേധം നടത്തിയതിനെത്തുടര്ന്നായിരുന്നു ഇരുവരുടെയും നേര്ക്കുനേര് ഏറ്റുമുട്ടല്.
മുദ്രാവാക്യം മുഴക്കി അംഗങ്ങൾ
ഖാര്ഗെയുടെ പ്രസംഗം ബിജെപി എംപിമാര് എഴുന്നേറ്റ് ബഹളം വച്ചു തടസപ്പെടുത്തി. അധ്യക്ഷന് പലതവണ അഭ്യര്ഥിച്ചിട്ടും ബഹളം തുടര്ന്നു. ബഹളത്തിനിടയില്, സഭാനടപടികള് തടസപ്പെടുത്തുന്നതിനെതിരായ ചട്ടങ്ങള് ചൂണ്ടിക്കാട്ടി റിജിജു രംഗത്തെത്തി. ഖാര്ഗെയുടെ തുടര്ച്ചയായ ഇടപെടലുകളെ മന്ത്രി വിമര്ശിച്ചു.
എല്ലാ ദിവസവും ഖാര്ഗെ എഴുന്നേറ്റുനിന്ന് താന് എഴുതിവച്ചിട്ടുള്ള കാര്യങ്ങള് വായിക്കുന്നു. ഓരോ തവണയും ചെയര്മാന് അദ്ദേഹത്തിനു സംസാരിക്കാന് അവസരം നല്കുമ്പോഴും അദ്ദേഹം പറയുന്നത് ഒരേ കാര്യമാണ്. ഇതൊരു ആവര്ത്തനമാണെന്നു റിജിജു പറഞ്ഞു.
എന്നാല്, വാദങ്ങള് എങ്ങനെ അവതരിപ്പിക്കണമെന്നു താന് തീരുമാനിക്കുമെന്ന് ഖാര്ഗെ തിരിച്ചടിച്ചു. മന്ത്രി പറയുന്നതുപോലെ പ്രവര്ത്തിക്കാനല്ല താന് പ്രതിപക്ഷ നേതാവായിരിക്കുന്നതെന്നും ഖാർഗെ പറഞ്ഞു.
ബഹളത്തിൽ നിർത്തിവച്ച് സഭ
ഖാര്ഗെയുടെ പ്രസ്താവനയ്ക്കെതിരേ ഭരണപക്ഷം ബഹളം തുടങ്ങിയതോടെ സഭ നിര്ത്തിവച്ചു. ഉച്ചകഴിഞ്ഞു സഭ വീണ്ടും ചേര്ന്നപ്പോള് റിജിജുവിനുള്ള മറുപടി നല്കാന് ഖാര്ഗെയെ ചെയര്മാന് അനുവദിച്ചു. സഭയില് എന്തു പറയണമെന്ന് റിജിജുവില്നിന്നു പഠിക്കേണ്ടതില്ലെന്ന് ഖാര്ഗെ പറഞ്ഞു. റിജിജുവില്നിന്നാണോ ഇനി ഞാന് ചട്ടങ്ങള് പഠിക്കേണ്ടത്? ചട്ടങ്ങളോ എന്റെ കൈവശമുള്ള വിഷയമോ വായിച്ചില്ലെങ്കില്, പിന്നെ നിങ്ങള് തന്നതാണോ ഞാന് വായിക്കേണ്ടത്? എന്താണു പറയേണ്ടത്, എപ്പോള് പറയണം, എങ്ങനെ പറയണം എന്നത് എന്റെ അവകാശമാണ്- ഖാര്ഗെ പറഞ്ഞു.
രാജ്യസഭയിലെ പുതിയ അംഗമായ കോണ്ഗ്രസിലെ പവന് ഖേര മുദ്രാവാക്യം വിളിച്ചതിനെ റിജിജു നേരത്തേ വിമര്ശിച്ചിരുന്നു. ഇതിനെതിരേയും ഖാര്ഗെ പ്രതികരിച്ചു.
ചർച്ചയ്ക്കു തയാറെന്ന് പ്രതിപക്ഷം
തടസപ്പെടുത്തലുകള് ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമാണെന്നെന്ന് ബിജെപി നേതാവും രാജ്യസഭയുടെ മുന് നേതാവുമായ അരുണ് ജെയ്റ്റ്ലി പറഞ്ഞിട്ടുണ്ട്. രാജ്യത്തെയും 140 കോടി ജനങ്ങളെ സംബന്ധിക്കുന്ന ചോദ്യങ്ങളാണ് ഞങ്ങള് ഉന്നയിച്ചത്. പ്രതിപക്ഷം ചര്ച്ചയ്ക്കു തയാറാണ്. ആഭ്യന്തരമന്ത്രിയും പ്രധാനമന്ത്രിയും സഭയില് വരണമെന്നാണ് ആവശ്യപ്പെടുന്നത്. ആഭ്യന്തരമന്ത്രിയോട് ഇവിടെ വന്നു പ്രസ്താവന നടത്താന് നിര്ദേശിക്കണമെന്ന് സഭാധ്യക്ഷനോട് അഭ്യര്ഥിക്കുന്നു. -ഖാർഗെ പറഞ്ഞു.
ഖാര്ഗെയുടെ ഈ അഭ്യര്ഥനയ്ക്കു പിന്നാലെയാണ് ആഭ്യന്തരമന്ത്രി സഭയില് വരണമെന്ന പ്രതിപക്ഷത്തിന്റെ വികാരം അദ്ദേഹത്തെ അറിയിക്കണമെന്നു പാര്ലമെന്ററികാര്യ മന്ത്രിയോട് സഭാധ്യക്ഷൻ സി.പി. രാധാകൃഷ്ണന് നിര്ദേശിച്ചത്.
National
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് ലഭിച്ച സംഭാവനകളിൽ വലിയ തോതിലുള്ള തട്ടിപ്പും മോഷണവും നടന്നെന്ന ഗുരുതര ആരോപണങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ മറുപടി പറയണമെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ. ചൊവ്വാഴ്ച രാജ്യസഭയിലാണ് അദ്ദേഹം ഈ വിഷയം ഉന്നയിച്ചത്.
വിഷയത്തിൽ പ്രധാനമന്ത്രിയുടെ പങ്ക് വ്യക്തമാക്കണമെന്നും പൊതുജനങ്ങളുടെ വിശ്വാസത്തെ വഞ്ചിക്കുന്ന രീതിയിലാണ് കാര്യങ്ങൾ നടക്കുന്നതെന്നും ഖാർഗെ ആരോപിച്ചു. രാമക്ഷേത്ര ട്രസ്റ്റുമായി ബന്ധപ്പെട്ട സംഭാവനകളുടെ വിനിയോഗത്തിൽ വലിയ തോതിലുള്ള ക്രമക്കേടുകൾ ഉയർന്നുവന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം സഭയിൽ പ്രതിഷേധം ശക്തമാക്കിയത്.
National
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ നടത്തിയ പരാമർശത്തെച്ചൊല്ലി പാർലമെന്റിൽ വൻ പ്രതിഷേധം. പൊതുപരീക്ഷാ ഭേദഗതി ബിൽ സംബന്ധിച്ച ചർച്ചയ്ക്കിടെ ഖാർഗെ നടത്തിയ പ്രസംഗമാണ് വിവാദത്തിലായത്. നീറ്റ് പരീക്ഷാ ചോർച്ചയുമായും വിദ്യാഭ്യാസ രംഗത്തെ ക്രമക്കേടുകളുമായും ബന്ധപ്പെട്ട് ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ പോലീസ് നടത്തിയ നടപടി ഉയർത്തിക്കാട്ടിയാണ് ഖാർഗെ സർക്കാരിനെതിരെ ആഞ്ഞടിച്ചത്.
അമിത് ഷാ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട ഖാർഗെ, "നിങ്ങൾക്ക് എന്നേക്കുമായി അടച്ചിട്ട മുറിയിൽ ഒളിച്ചിരിക്കാൻ കഴിയില്ലെന്നും ഒരു ദിവസം ഞങ്ങൾ നിങ്ങളെ പുറത്തേക്ക് വലിച്ചിഴക്കുമെന്നും" പ്രസ്താവിച്ചു. ഖാർഗെയുടെ പരാമർശം അക്രമ ഭീഷണിയാണെന്ന് ആരോപിച്ച് ബിജെപി നേതാക്കളും സഭാനേതാവ് ജെ.പി. നദ്ദയും രംഗത്തെത്തി. ഖാർഗെയുടെ പരാമർശങ്ങൾ പാർലമെന്ററി മര്യാദകൾക്ക് നിരക്കാത്തതാണെന്നും സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്നും ഭരണപക്ഷം ആവശ്യപ്പെട്ടു.
തുടർന്ന് താൻ ഭീഷണിപ്പെടുത്തിയതല്ലെന്നും, ജനശക്തിയും (ജനങ്ങളുടെയും വിദ്യാർത്ഥികളുടെയും ശക്തി) പ്രതിഷേധവുമാണ് ഉദ്ദേശിച്ചതെന്നും ഖാർഗെ വ്യക്തത വരുത്തി. എന്നാൽ ഇതിനെച്ചൊല്ലി ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ സഭയിൽ വാക്പോര് കടുത്തു.
National
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പാർലമെന്റിൽ പ്രതിപക്ഷ ബഹളം. ശക്തമായ പ്രതിഷേധത്തെ തുടർന്ന് രാജ്യസഭ ഉച്ചയ്ക്ക് രണ്ടു വരെ നിർത്തിവെച്ചു. ലോക്സഭയിലും നടപടിക്രമങ്ങൾ തടസപ്പെട്ട് പ്രതിഷേധം തുടരുകയാണ്. നേരത്തെ ബഹളം കാരണം ഇരുസഭകളും 12 വരെ നിർത്തിവെച്ചിരുന്നു.
വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് ലക്ഷ്യമിട്ടാണ് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ രംഗത്തെത്തിയത്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ചോ രാജ്യവ്യാപകമായി നടക്കുന്ന വിദ്യാർഥി പ്രക്ഷോഭങ്ങളെക്കുറിച്ചോ പ്രധാനമന്ത്രിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ പാർലമെന്റിൽ പ്രസ്താവന നടത്തണം.
അല്ലാതെ അർദ്ധരാത്രി സോഷ്യൽ മീഡിയായിൽ വീഡിയോ പോസ്റ്റ് ചെയ്യുകയല്ലവേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റിൽ പ്രസ്താവന നടത്തിയാൽ മാത്രമേ അദ്ദേഹത്തിന്റെ വാക്കുകളെ ആധികാരികമായി കണക്കാക്കാനാകൂ. രാത്രി 12ന് എവിടെയെങ്കിലും ഇരുന്ന് സംസാരിക്കുന്നതിനേക്കാൾ അദ്ദേഹം രാജ്യത്തിന്റെ പരമോന്നത സഭയിൽ വന്ന് പ്രസ്താവന നടത്തട്ടെ ഞങ്ങൾ കേൾക്കാമെന്നും ഖാർഗെ പറഞ്ഞു.
അതേസമയം പ്രതിപക്ഷ ആരോപണങ്ങളെ പ്രതിരോധിക്കാൻ ഭരണപക്ഷവും രംഗത്തെത്തി. ചോദ്യപേപ്പർ ചോർച്ച തടയുന്നതിനായി പ്രധാനമന്ത്രി ശക്തമായ നിയമനിർമാണം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു സഭയിൽ വ്യക്തമാക്കി. എന്നാൽ വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിലും പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മറുപടിയിലും കുറഞ്ഞതൊന്നും സ്വീകാര്യമല്ലെന്ന നിലപാടിലാണ് പ്രതിപക്ഷം.